ലക്നോ : ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ നിർദേശത്തെത്തുടർന്ന് ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മുഴുവൻ ഹോസ്റ്റൽ മെസ്സുകളിലും ക്യാന്റീനുകളിലും മാംസാഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും നിരോധനം. യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെ നടത്തിയ പരിശോധനയിൽ മെസ്സുകളിലെ വൃത്തിഹീനമായ അന്തരീക്ഷം ഗവർണർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് നടപടി.
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 18 ഹോസ്റ്റലുകളിലും ഇനി മുതൽ മാംസാഹാരം പാകം ചെയ്യാൻ പാടില്ലെന്ന് അധികൃതർ കർശന നിർദേശം നൽകി. രണ്ട് ഹോസ്റ്റലുകളിൽ ഉപയോഗശൂന്യമായ സുഗന്ധവ്യഞ്ജനങ്ങൾ കണ്ടെത്തിയതായും ഗവർണർ വിമർശിച്ചിരുന്നു. ഇത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് വിലയിരുത്തിയ ഗവർണർ, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പനീർ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ മികച്ച നിലവാരത്തിൽ ഉറപ്പാക്കാനും നിർദേശിച്ചു.
എന്നാൽ, വിദ്യാർത്ഥികൾക്ക് പുറത്തുനിന്ന് മാംസാഹാരം ഓർഡർ ചെയ്യുന്നതിനോ സ്വന്തമായി പാകം ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ലെന്ന് സർവ്വകലാശാല വക്താവ് വ്യക്തമാക്കി. മെസ്സുകളിൽ മാത്രം മാംസാഹാരം തയ്യാറാക്കരുതെന്ന് മാത്രമാണ് നിർദേശം. സർവകലാശാലാ മെസ്സുകളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളും വൃത്തിഹീനമായ സാഹചര്യങ്ങളും പരിഹരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ ന്യായീകരിക്കുന്നു.
മുൻപ് രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സമാനമായ രീതിയിൽ മാംസാഹാരം വിളമ്പുന്നതിനെതിരെ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.